My Blogs

ഷെഫീന യൂസഫ് അലി; വിജയം രുചിപ്പിച്ച പെണ്‍കരുത്ത്

നവസംരംഭം കേവലമായി ബിസിനസ് കെട്ടിപ്പെടുക്കല്‍ മാത്രമല്ല. പുതിയ ബിസിനസിന്റെ അടിത്തറ പാകുന്ന മൗലികമായ ആശയത്തിന് രൂപം നല്‍കലാണ്. അടിത്തറ കെട്ടുറപ്പുള്ളതാക്കുക എന്ന ബാലപാഠമാണ് വലിയ പാഠം. നല്ല അടിത്തറയില്ലാതെ ഉയര്‍ത്തിപ്പൊക്കിയ എല്ലാ കൊട്ടാരങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തും. വലിയ ബിസിനസാണെങ്കില്‍ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എല്ലാവരും ചെയ്തു ശീലിച്ച ബിസിനസില്‍ പോലും മറ്റാരും ചെയ്യാത്ത മാറ്റമെന്താണ് എന്ന അന്വേഷണമാണ് നല്ലൊരു ബിസിനസിന്റെ യു.എസ്.പി. അതായത് കമ്പോളത്തില്‍ നിലനില്‍ക്കാനുള്ള ശേഷി നിര്‍ണയിക്കുന്ന അതിന്റെ വിപണനമുല്യം. ഇപ്പറഞ്ഞതിന് വലിയൊരു ഉദാഹരണം ലുലു ഗ്രൂപ്പാണ്. എം.എ യൂസഫ്് അലി അസ്തിവാരമിടുകയും ക്രമാനുഗതമായി വളര്‍ന്ന് പന്തലിക്കുകയും ചെയ്ത റീടൈല്‍ ബിസിനസിന്റെ ആഗോള സാമ്രാജ്യം. പക്ഷെ അത് പലവട്ടം കേട്ടപാഠമാണല്ലോ എന്ന് നിങ്ങള്‍ നെറ്റി ചുളിക്കുന്നുണ്ടാകാം. എന്നാല്‍ അത്രയൊന്നും ആരും കേട്ടിട്ടില്ലാത്ത കഥയും ലുലുവിന് പറയാനുണ്ട്. ഷെഫീന യൂസഫ് അലി എന്നാണ് ആ വീരഗാഥയുടെ പേര്. കേരളത്തിലെ മികച്ച വനിതാ സംരംഭകരില്‍ ഒരാള്‍ എന്ന അവാര്‍ഡിനര്‍ഹയായ യുവതി. ആ കഥയാണ് ഈ ലക്കം. ലണ്ടനില്‍ പഠിച്ചു വളര്‍ന്ന ഷെഫീന ലോകനഗരങ്ങളില്‍ ലണ്ടനു മാത്രം സവിശേഷമായ കോഫീ ഹൗസുകളുടെ കഫെ കള്‍ചറിന്റെ ആരാധികയായിരുന്നു. ആവി പറക്കുന്ന കേപ്പകള്‍ക്കിരുവശവുമിരുന്നുള്ള ചര്‍ച്ചകള്‍, ചിന്തകള്‍, ബ്‌ളോഗെയുത്തുകള്‍, പിന്നെ തന്റെ സ്വകാര്യമായ പാചകനൈപുണ്യം.. എന്നിങ്ങനെ പരസ്പരബന്ധിതമായ താല്‍പര്യങ്ങള്‍. അങ്ങിനെയൊരു ലോകത്തു നിന്ന് മിന്നിത്തിളങ്ങുന്ന അബുദബിയിലേക്ക് അവരെത്തുമ്പോള്‍ എന്തോ ഒരു വലിയ കുറവാണ് ഷെഫീനയ്ക്ക് അനുഭവപ്പെട്ടത്. ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും വൈവിധ്യം അവിടെയുണ്ടായിരുന്നെങ്കിലും ആംബിയന്‍സ് എന്നു വിളിക്കാവുന്ന അന്തരീക്ഷത്തിന്റെ കുറവ് വലുതാണെന്ന് അവര്‍ക്ക് തോന്നി. മറ്റൊന്ന് കൂട്ടത്തില്‍ പാടുക എന്ന രീതിയിലേക്കുള്ള എമിറേറ്റ് നഗരത്തിന്റെ കുതിച്ചു ചാട്ടമാണ്. എല്ലാവര്‍ക്കും വേണ്ടത് നല്‍കുക എന്നതില്ല കാര്യം. നമുക്ക് നല്‍കാനുള്ളതിലേക്ക് എല്ലാവരും വരലാണ് കാര്യം. ആദ്യത്തേത് നമുക്ക് തന്നെ പൂര്‍ണമായും താല്‍പര്യമില്ലാത്ത കമ്പോള താല്‍പര്യങ്ങളുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. രണ്ടാമത്തേത് നമുക്ക് നല്‍കാന്‍ കഴിയുന്നതിന്റെ വ്യത്യസ്തയും പുതുമയും വൈവിധ്യങ്ങളും പുതിയൊരു ബ്രാന്‍ഡ് ഐഡന്റിന്റി തന്നെ ഉണ്ടാക്കും. ഫുഡ് ഇന്‍ഡസ്ട്രിയുടെ കാര്യത്തില്‍ 'ഹലാല്‍' എന്ന ആശയമാണ് ഇവിടെ ശ്രദ്ധേയം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹിതകരമായത്, ഹാനികരമല്ലാത്തത് എന്നതാണ് ഹലാല്‍. ഹലാല്‍ ഭക്ഷ്യോത്പന്നങ്ങള്‍, നല്ലൊരു അന്തരീക്ഷത്തില്‍, വൈവിധ്യത്തോടെ എങ്ങിനെ സെര്‍വ് ചെയ്യാം എന്ന ആലോചനയാണ് തബ്ലേസ് ഫുഡ് കമ്പനിയുടെ വിജയത്തിന് പിന്നിലുള്ളത്. തബ്ലേസ് ഫുഡ് കമ്പനി ലുലു ഗ്രൂപ് ഇന്റര്‍നാഷണലിന്റെ ഫുഡ് ആന്റ് ബീവറേജസ് വിപണനത്തിനു വേണ്ടിയുള്ള ഉപസ്ഥാപനമായിട്ടാണ് കമ്പോളത്തില്‍ ചുവടുവെയ്ക്കുന്നത്. മദ്യവും പോര്‍ക്ക് വിഭവങ്ങളും ലഭ്യമായിരുന്ന എമിറേറ്റ്‌സ് നഗരത്തില്‍ 'ഹലാല്‍' ഫുഡ് എന്ന ബ്രാന്‍ഡാണ് ടി.എഫ്.സി പരിചയപ്പെടുത്തിയത്. അതൊരു വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ചും ഹലാല്‍ എന്നോ കോഷര്‍ എന്നോ കേല്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ആഗോള ഉപഭോക്താക്കള്‍ക്കിടയില്‍. ടി.എഫ്.സി ആദ്യമായി ചെയ്ത്ത് ആഗോളതലത്തില്‍ പേരും പെരുമയും ആര്‍ജിച്ച ബ്രാന്‍ഡുകളുടെ ഫ്രാഞ്ചൈസി എന്ന നിലക്ക് പ്രവര്‍ത്തിക്കുകയാണ്. ജിസിസിയിലും ഏഷ്യാ വന്‍കരയിലും ഈ ബ്രാന്‍ഡുകളെ ടിഎഫ്‌സിയുടെ ബാനറില്‍ റീബ്രാന്‍ഡ് ചെയ്തു. ബ്‌ളൂംസ്‌ബെറി എന്നപേരില്‍ സ്വയം റീബ്രാന്‍ഡ് ചെയ്ത ടിഎഫ്‌സി ലോകമൊമ്പാടുമുള്ള രുചിവൈവിധ്യങ്ങളുടെ ജിസിസിയിലെയും ഏഷ്യയിലെയും ലക്ഷ്യസ്ഥാനമായി മാറി. അങ്ങിനെയാണ് നൂറുശതമാനവും ഹലാലായ രുചി പകരുക എന്ന വെല്ലുവിളി തബ്ലേസിന് നിഷ്പ്രയായം ഏറ്റടുക്കാനായത്. വാപ്പയില്‍ നിന്ന് ഷെഫീന പഠിച്ച രണ്ട് ബിസിനസ് പാഠങ്ങളിലൊന്ന് ഉത്പന്നത്തിന്റെ പാക്കേജിംഗാണ്. വാങ്ങാന്‍ വരുന്നവര്‍ക്കു മുമ്പില്‍ അവരുടെ ഇഷ്ടത്തിനും മുന്‍ഗണനകള്‍ക്കും അനുസരിച്ച് ഉത്പന്നം അവതരിപ്പിക്കുക. ബ്രാന്റ് തനിമ പുതുക്കിക്കൊണ്ടിരിക്കുക. ഇത്രയുമൊക്കെയുണ്ടെങ്കില്‍ മാര്‍ക്കറ്റ് സമാവാക്യം അനുസരിച്ച് സ്വന്തം ബിസിനസ് സങ്കല്‍പങ്ങളെയും ആശയങ്ങളെയും അളന്നു മുറിക്കേണ്ടി വരില്ല. ബ്രിട്ടീഷ് ടീ ഹൗസിന്റെ മാതൃകയില്‍ സംവിധാനിച്ച ബ്‌ളുംബറി കഫെയിലെ കേക്കുകളും കപ്‌കേക്കുകളും വളരെ സമയമെടുത്ത് നല്ലതു പോലെ പരീക്ഷണം നടത്തി തയ്യാറാക്കുന്നവയാണ്. മറ്റൊരു പാഠം ഫ്രാഞ്ചൈസിംഗാണ്. അതായത് ലേകപ്രശസ്തരായ ബ്രാന്‍ഡുകള്‍ ഒരു പ്രദേശത്ത് തങ്ങളെ മാര്‍ക്കൈറ്റ് ചെയ്യാനുള്ള ചുമതല വിശ്വസിച്ചേല്‍പിക്കുക. ഈ വിശ്വാസം പെട്ടന്ന് കൈവരുന്നതല്ല. കാലങ്ങളായി നേടിയെടുത്ത ഉപഭോക്താക്കള്‍ നല്‍കിയ മാര്‍ക്കാണ്. ഈ മാര്‍ക്ക് തന്നെയാണ് ഒരു കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു. സൗത്താഫ്രിക്കന്‍ ബ്രാന്‍ഡായ ഗലീറ്റോയുടെ ഫ്രാഞ്ചസി, ലണ്ടന്‍ ഡയറി, ഏഷ്യയിലെ വിഖ്യാതമായ ചെങ്കിസ് ഗ്രില്‍, അമേരിക്കയിലെ പ്രമുഖ ബ്രാന്‍ഡുകളായ ഫേമസ് ഡേവ്, ശുഖര്‍ ഫാക്ടറി തുടങ്ങി ഭക്ഷ്യപാനീയ വ്യവസായത്തിലെ കൊലകൊമ്പന്‍മാരാണ് ടിഎഫ്‌സിയെ തങ്ങളുടെ ഫ്രാഞ്ചസിയായി കണ്ടത്. ഇതു കൂടാതെ കൊളോണിയല്‍ ഇന്ത്യന്‍ വിഭവങ്ങള്‍ക്കു വേണ്ടിയുള്ള പെപ്പര്‍മില്‍ എന്ന ട്രേഡ്മാര്‍ക്കും ഷെഫീന ആരംഭിച്ചു. കണക്കുകള്‍ സംസാരിക്കുന്നത് വിസ്മയകരമായ വിജയഗാഥയാണ്. കഴിഞ്ഞവര്‍ഷം 41 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഗ്രൂപ് സമാഹരിച്ചത്. ഇക്കൊല്ലത്തോടെ ടിഎഫ്‌സി നടത്തുന്ന ഔട്‌ലെറ്റുകളുടെ എണ്ണം 57 ആയി വര്‍ദ്ധിച്ചു. ഗലീറ്റോവിന്റെയും ബ്‌ളൂംസ്ബറിയുടെയും ശാഖകള്‍ ബാംഗ്‌ളൂര്‍ ആരംഭിച്ചു. കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറിയുടെ ശാഖകള്‍ കൊച്ചിയിലും ബാഗ്‌ളൂരും ആരംഭിച്ചതും നേട്ടമാണ്. ഈ നേട്ടങ്ങളോടൊപ്പം എടുത്തു പറയേണ്ടതാണ് ഷെഫീന എന്ന ബ്‌ളോഗര്‍, കുക്ക്, പാര്‍ടി പ്‌ളാനര്‍ എന്നിങ്ങനെ. കൂടാതെ നാലു മക്കളുടെ ഉമ്മയായ ഷെഫീന ലുലു എക്‌സേഞ്ച് എന്ന ധനകാര്യസ്ഥാപനത്തിന്റെ സിഇഒ, ഹോസ്പിറ്റാലിറ്റി നിക്ഷേപസ്ഥാനമായ ട്വന്റി14ഹോള്‍ഡിംഗ്‌സിന്റെ എംഡി, ടിഎഫ്‌സിയുടെ ഡയറക്ടര്‍ എന്ന നിലയിലൊക്കെ പ്രവര്‍ത്തിക്കുന്ന അദീബ് അഹ്മദിന്റെ ഭാര്യയുമാണ്. തന്റെ വിജയത്തിനു പിന്നിലും വിവിധ റോളുകള്‍ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസത്തിനു പിന്നിലും തന്റെ ഉമ്മയാണെന്ന് ഷെഫീന പറയുന്നു.

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…