My Blogs

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത് ഒരു പേരല്ല. ഇന്‍ഷ്യല്‍ സൂചിപ്പിക്കുന്നത് പോലെ മൂന്ന് പേരുകളാണ്. വി. മമ്മദ് കോയ, കെ.സൈതാലി, സി. സൈതാലിക്കുട്ടി. 1967ല്‍ ഈ മൂന്നുപേര്‍ അസ്ഥിവാരമിട്ട ബിസിനസ് സംരംഭമാണ് വി.കെ.സി. തീപ്പെട്ടി കമ്പനികള്‍ക്ക് അവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംരംഭമായിരുന്നു അത്. പിന്നീടത് 1500 കോടി വാര്‍ഷിക വിറ്റുവരവുള്ള ചെരുപ്പ് വ്യവസായമായി വളര്‍ന്നപ്പോഴേക്ക് മമ്മദ് കോയ മാത്രമായി. പക്ഷെ, തുടക്കം അദ്ദേഹം മറന്നില്ല. വി. മമ്മദ് കോയ, വികെസി മമ്മദ് കോയ എന്ന പേരിലാണ് കേരളത്തിന്റെ വാണിജ്യരാഷ്ട്രീയസാംസ്‌കാരിക രംഗത്ത് സുപരിചതനായത്.

മമ്മദ് കോയ ഒരുകാലത്തും തന്റെ തുടക്കം, കഷ്ടപ്പാടിന്റെ പഴയകാലം മറന്നിട്ടില്ല. വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ കാരണവരായിയിരിക്കുമ്പോഴും, അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റും, ജനപ്രതിനിധിയും, കോഴിക്കോട് നഗരത്തിന്റെ നഗരപിതാവായ മേയറുമാണ്. ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം, മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളില്‍ മമ്മദ് കോയ ഉണ്ടായിരുന്നു. ചുരുക്കത്തില്‍, വിജയശ്രീലാളിതനായ ഒരു ബിസിനസ് സംരംഭകനെക്കുറിച്ച് നമ്മുടെ മനസ്സില്‍ ഉറച്ചു പോയ എല്ലാ ഇമേജുകളെയും കുഴച്ചുമറിക്കുന്ന ആളാണ് മമ്മദ് കോയ. ജനകീയന്‍, സ്വീകാര്യന്‍, സര്‍വോപരി വിനയാന്വിതന്‍.

ഏഴാം ക്ലാസില്‍ സ്‌കൂള്‍ വിദ്യഭ്യാസം നിര്‍ത്തി, തൊഴിലെടുക്കാന്‍ തുടങ്ങിയ ആളാണ് മമ്മദ് കോയ. തീപ്പെട്ടി കമ്പനിയിലായിരുന്നു തുടക്കം. കമ്മ്യൂണിസ്റ്റ് ബോധവും കൂടെ തൊഴിലെടുക്കുന്നയാളോടുള്ള സഹാനുഭൂതിയും തൊഴിലുടമയുടെ നീരസമുണ്ടാക്കി. പിന്നെ കന്യാകുമാരിയില്‍ ചായക്കച്ചവടം. അതിനിടെ തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കോണ്‍ട്രാക്ടറായി, കുറച്ചുകാലം.

ഒരാള്‍ക്ക് സംരംഭകത്വത്തിന് വാസനയുണ്ടെങ്കില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അയാള്‍ സംരംഭകന്‍ ആയിത്തീരും. മമ്മദ് കോയയുടെ പിന്നീടുള്ള ജീവിതം അതിന്റെ വലിയൊരു ഉദാഹരണമാണ്. കെ.സി ഇന്‍ഷ്യലുള്ള സുഹൃത്തുക്കളോടൊപ്പം, വി മമ്മദ് കോയ തീപ്പെട്ടി കമ്പനികള്‍ക്ക് മെറ്റീരിയല്‍ നല്‍കുന്ന കമ്പനി തുടങ്ങിയ ശേഷം ചെരുപ്പ് വ്യവസായത്തിന്റെ ലോകത്ത് എത്തിപ്പെടുന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. തീപ്പെട്ടി കമ്പനികള്‍, കുറഞ്ഞ ഡിമാന്റും വര്‍ദ്ധിച്ച സപ്‌ളെയും കാരണം, നഷ്ടം അഭിമുഖീകരിച്ചു കൊണ്ടിരുന്ന കാലമാണത്. ഒരു ചുവടുമാറ്റം ആഗ്രഹിച്ച കാലം.

ഹവായ് ചെരുപ്പുകള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് സോള്‍ നിര്‍മിക്കാനാവശ്യമായ ഹവായ് ഷീറ്റുകള്‍ നിര്‍മിക്കുന്ന ബിസിനസാണ് രണ്ടാം ഘട്ടത്തില്‍ വി.കെ.സി ഏറ്റെടുത്തത്. ലോണെടുത്തും, ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയും മുപ്പത് ലക്ഷത്തിന്റെ നിക്ഷേപത്തില്‍ ഇരുപത് തൊഴിലാളികളുമായി തീപ്പെട്ടി കമ്പനിയുടെ ഷെഡ്ഢില്‍ തുടങ്ങിയ സംരംഭമാണ് വി.കെ.സി എന്ന സാമ്രാജ്യമായി വളര്‍ന്നത്. അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണത്തില്‍ നിന്നും ഹവായ് ചെരുപ്പുകളും, മാര്‍ക്കറ്റിലെ ഡിമാന്റിന് അനുസൃതമായി ഉത്പന്നത്തിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റങ്ങളും വി.കെ.സി യുടെ വിജയഗാഥയെ നിര്‍ണയിക്കുന്ന ഘടകങ്ങളായി.

മാര്‍ക്കറ്റ് ട്രന്റുകള്‍ സൂക്ഷമമായി നിരീക്ഷിക്കാനുള്ള പാടവമാണ് വി.കെ.സിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കുറഞ്ഞവിലക്ക് ഗുണനിലവാരമുള്ള ചെരുപ്പുകള്‍ എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ രസമുള്ളതാണെങ്കിലും ബിസിനസ് പ്രയോഗത്തില്‍ വലിയ വെല്ലുവിളിയാണ്. ഹവായ് ചെരുപ്പുകള്‍ ഇറക്കിയ കാലത്ത് പിവിസി ചെരുപ്പുകളില്‍ നിന്ന് നേരിട്ട മത്സരം. പിന്നീട് പിവിസി ചെരുപ്പുകള്‍ നിര്‍മിക്കുന്ന കമ്പനിയായുള്ള രൂപമാറ്റം. വ്യത്യസ്ത ഡിസൈനുകളുടെ ചെരുപ്പുകളിലേക്കുള്ള ചുവടുമാറ്റം. വെല്ലുവിളികള്‍ നിറഞ്ഞ ആ യാത്രക്കൊടുവില്‍ വിപണിയുടെ ട്രന്റ് നിര്‍ണയിക്കുന്നത് വി.കെ.സി ആണെന്ന സാഹചര്യമാണ് ഇന്നുള്ളത്.

കേവലം ഇരുപത് തൊഴിലാളികളുമായി ആരംഭിച്ച വി.കെ.സി പ്രസ്ഥാനം ഇന്ന് പതിനായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയൊരു തൊഴില്‍ശാലയാണ്. തൊഴില്‍ പരിശീലനം മുതല്‍ കര്‍ത്തവ്യത്തിന്റെ എല്ലാ സമയത്തും വി.കെ.സി തൊഴിലാളികളുടെ കൂടെ നില്‍ക്കുന്നു. ഒപ്പം ക്ഷേമകാര്യങ്ങള്‍ മുതല്‍ എല്ലാത്തിലും വി.കെ.സി അവരുടെ കൈത്താങ്ങായി മാറുന്നു. കാര്യക്ഷമതയുള്ള തൊഴിലാളികളാണ് വി.കെ.സിയുടെ കരുത്ത്. അവരുടെ സ്വന്തം തൊഴിലുടമയാകുക എന്നുള്ളത്, കമ്മ്യൂണിസ്റ്റ്കാരനായ തീയില്‍ കുരുത്തവനായ മമ്മദ് കോയക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല.

Article by : Shahir Esmail

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…