My Blogs

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചത് അടുത്ത കാലത്താണ്. യുവസംരംഭകരുടെയും നിക്ഷേപകരുടെയും ഒരു കൂട്ടായ്മയായിരുന്നു അത്. സംഭവത്തിന്റെ തെളിച്ചവും പൊലിമയും മാറ്റിനിര്‍ത്തിയാല്‍, അത് നമുക്ക് മുന്‍പിലെത്തിക്കുന്ന സന്ദേശം, നമ്മുടെ കാലം പുതുമയെയും, യുവത്വത്തെയും, നൂതനമായ ആശയങ്ങളെയും സ്വീകരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു എന്നതാണ്. യുവരക്തങ്ങള്‍ക്ക് അനുകൂലമായ ഈ പ്രവണതക്ക് അനുഗുണമായി ഇന്ത്യയിന്ന് സ്റ്റാര്‍ട് അപ്പുകള്‍ക്ക് ഊന്നല്‍ കൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ പത്രസ്ഥാപനങ്ങളിലൊന്നായ ടൈംസ് ഓഫ് ഇന്ത്യയുടെ പത്രത്താളുകളിലൊന്ന് പുതിയ സ്റ്റാര്‍ട്അപ് സംരംഭങ്ങളും നൂതനമായ ആശയങ്ങളും നവപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത മികവ് പ്രദര്‍ശിപ്പിച്ച ചെറുപ്പക്കാരെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. പണ്ടു കാലത്ത് പരമ്പരാഗതമായ കുടുംബ സംരംഭങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കപ്പെട്ടത്. തലമുറതലമുറ കൈമാറി വന്ന ബിസിനസ് സ്ഥാപനങ്ങളായിരുന്നു അവ. ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയ വമ്പന്‍മാരുടെ കഥകള്‍. എന്നാല്‍ പുതിയ കാലത്തെ ഐടി സംരഭകരുടെ കടന്നുവരവോടെയാണ് ഇന്‍ഫോസിസിനെ പോലുള്ള ഒരു സ്ഥാപനം ചിത്രത്തില്‍ വരുന്നത്. ഉടമസ്ഥത എന്ന ആശയത്തെ തന്നെ അവര്‍ തിരുത്തിയെഴുതി. എന്നാല്‍ അവര്‍ ഉടമസ്ഥതപ്പെടുത്തിയത് ആസ്തികളോ ഉത്പന്നങ്ങളോ ആയിരുന്നില്ല. ആശയങ്ങളായിരുന്നു. വിവരസാങ്കേതിക വിദ്യ എന്നത് തന്നെ ഒരാശയമാണ്. സാമൂഹികമാറ്റത്തിന് വേണ്ടി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുക എന്ന ആശയം. വൈവിധ്യമാര്‍ന്ന മാനവവിഭവശേഷിയാല്‍ സമ്പന്നമായ രാജ്യമാണ് ഇന്ത്യ. അതിരുകള്‍ എന്ന ആശയത്തെ തന്നെ വിവരസാങ്കേതിക വിദ്യ മായ്ച്ചു കളഞ്ഞു. പ്രവാസമില്ലാതെ തന്നെ സ്വന്തം ദേശരാഷ്ട്രങ്ങളില്‍ നിന്നും വീടകങ്ങളില്‍ നിന്നും തൊഴിലും സേവനങ്ങളും പ്രദാനം ചെയ്യാനുള്ള സാഹചര്യം ഇത് സംജാതമാക്കി. അതിരു കടന്നുള്ള ഔട്‌സോഴ്‌സിംഗ് എന്ന പ്രകൃയ നവസംരംഭകത്തിന്റെ ഭാഗമായത് അങ്ങിനെയാണ്. ബാംഗ്ലൂരിംഗ് എന്ന് പോലും അത് അറിയപ്പെട്ടു. പണ്ടൊക്കെ പുതിയ നിക്ഷേപക ആശയം വേരോടാന്‍ നൂറ്റാണ്ടുകളെടുത്തു. എന്നാലിന്ന് ഒരു പതിറ്റാണ്ടോ അരപതിറ്റാണ്ടോ കൊണ്ടാണ് പുതിയ സംരംഭങ്ങള്‍ രൂപപ്പെടുന്നത്. ആമസോണിന്റെ വിജയഗാഥ നാം കേട്ട് കഴിഞ്ഞതാണ്. ആമസോണ്‍ തന്നെ ബാല്യദശയിലായിരുന്നപ്പോള്‍ ഫ്‌ലിപ്കാര്‍ട് മുന്‍നിരയിലേക്ക് കടന്നുവന്നു. ഇഷോപ്പിംഗ് നടത്തുന്ന അനേകായിരങ്ങളെ അത് സ്വാധീനിച്ചു. ഡിജിറ്റല്‍ ബാങ്കിംഗിനു വേണ്ടിയുള്ള ആഹ്വാനപ്പെരുമഴയുണ്ടായപ്പോഴാണ് പേ.ടി.എം പോലുള്ള ആപ്ലിക്കേഷനുകള്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. നമ്മുടെ ടാക്‌സി സഞ്ചാരത്തെ തന്നെ യുബര്‍ മാറ്റിമറച്ചു. ഭാവിയിലും ഇതു പോലുള്ള വിജയഗാഥകള്‍ ഉണ്ടാകണം. ലോകത്തെ മാറ്റാനുള്ള പുതുമയാര്‍ന്ന ആശയങ്ങളുമായ പുതുരക്തം കടന്നുവരണം. ലോകത്തുള്ള എല്ലാ ഗവണ്‍മെന്റുകള്‍ക്കും പരിധികളും പരിമിതികളുമുണ്ട്. രാഷ്ട്രീയക്കാര്‍ തൊഴില്‍ വാഗ്ദാനം ചെയ്യും. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന യുവനിരയുടെ ആവശ്യത്തിന് അനുപേക്ഷണീയമായ തൊഴില്‍ പ്രദാനം ചെയ്യാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞു കൊള്ളണമെന്നില്ല. അതു കൊണ്ട് പല വാഗ്ദാനങ്ങളും പൊള്ളയായി മാറുന്നു. ജീവിതത്തിന്റെ സര്‍വതോന്മുഖമായ മേഖലകളില്‍ പുതിയ തൊഴിലുകള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ ക്രിയാത്മകതയും, നൂതനമായ ആശയങ്ങളും അനിവാര്യമാണ്. അതു കൊണ്ട് ഭാവിയിലേക്കുള്ള താക്കോള്‍ കയ്യാളുന്നത് പുതിയ ആശയങ്ങളും, സംരംഭകത്വവും, നവപ്രവര്‍ത്തനവുമാണ്. ഈ പംക്തി ക്രിയാത്മകമായ നവസംരഭങ്ങളുടെ വിജയഗാഥകളാണ് നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. യുവസംരംഭകര്‍, അവരുടെ നൂതനമായ ആശയങ്ങള്‍, സ്ഥാപനങ്ങള്‍, ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളാണ് നിങ്ങള്‍ക്കു മുമ്പില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അവരെങ്ങിനെയാണ് സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും മാറ്റിമറിച്ചത് എന്നും അവരുടെ ക്രിയാത്മകത ചുറ്റുപാടുമുള്ള ജീവിതങ്ങളെ സ്വാധീനിച്ചത് എന്നും നാം വിവരിക്കുന്നു. അവരില്‍ നിന്ന് പുതിയ തലമുറയ്ക്ക് പഠിക്കാന്‍ ഏറെയുണ്ട്. നമ്മുടെ കാലത്തെ പലപ്രശ്‌നങ്ങള്‍ക്കും അതാണ് പ്രതിവിധി.

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…