My Blogs

ബിസിനസ്സ് ലോകത്തിന്റെ നെറുകയിലേക്ക് ഉദിച്ചുയരുന്ന യുവ സംരംഭകന്‍ ഡോ.ഷംഷീര്‍ മലയാളത്തിന്റെ അഭിമാനമാകുന്നു

കേരളത്തിലെ യുവസംരംഭകരുടെ കൂട്ടത്തിൽ മികവ് കൊണ്ടും വൈദഗ്ധ്യം കൊണ്ടും മുൻനിരയിലാണ് ഡോ.ഷംഷീർ വയലിൽ പറമ്പത്തിന്റെ സ്ഥാനം. ആതുരരംഗത്തെ സംസ്ഥാനത്തിന്റെ പേരിനും പെരുമയ്ക്കും പിന്നിൽ ഡോ.ഷംഷീറിന്റെ കയ്യൊപ്പുണ്ട്. ആരോഗ്യരംഗത്തെ ആധുനികവത്കരത്തിനും, ജനകീയതക്കും, വൈവിധ്യവത്കരണത്തിനും വിപുലമായ സംഭാവനകളർപ്പിച്ച ഷംഷീറിന്റെ വിശേഷങ്ങളാണ് ഈ ലക്കത്തിൽ. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 1977-ലാണ് ഡോ ഷംഷീർ വയലിൽ ജനിച്ചത്. മണിപ്പാൽ കസ്തൂർഭ മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും ചെന്നൈ രാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും, ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നിന്ന് പരിശീലനവും സമ്പാദിച്ച ഡോ.ഷംഷീർ ദുബായ് ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ റേഡിയോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. ഒരു കൊല്ലം മാത്രമാണ് അദ്ദേഹം അവിടെ സേവനം ചെയ്തത്. പ്രാഗത്ഭ്യവും കൈമിടുക്കുമുള്ള ഡോക്ടറാകാനുള്ള അറിവും അനുഭവവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം തിരിഞ്ഞെടുത്ത വഴിയും അതിനദ്ദേഹത്തെ പ്രാപ്തനാക്കിയ നിയോഗവും അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ബിസിനസിലാണ്. ബിസിനസ് തന്റെ രക്തത്തിലലിഞ്ഞു ചേർന്നതായി ഷംഷീർ വിശ്വസിക്കുന്നു. എന്തെങ്കിലും പുതുതായി ചെയ്യണമെന്ന ആഗ്രഹമാണ് റിസ്കുകളൊന്നുമില്ലാത്ത, എന്നാൽ ഉയർന്ന പ്രതിഫലം ഉറപ്പുനൽകുന്ന ഡോക്ടറുദ്ധ്യോഗത്തിന്റെ കുപ്പായം അഴിച്ചു വെച്ച് വാണിജ്യത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഡോക്ടർ ഷംഷീറിനെ പ്രാപ്തനാക്കിയത്. നവസംരംഭകന്റെ ആശയങ്ങളും, ദർശനങ്ങളും, സ്വപ്നങ്ങളും, അതെല്ലാം യാഥാർത്ഥ്യമാക്കാനുള്ള കാഴ്ചപ്പാടും ഇച്ഛാശക്തിയുമുണ്ടായിരുന്ന ഷംഷീർ ആതുരരംഗത്ത് തന്റേതായ സംരംഭം തുടങ്ങുന്നതിനായി ആരംഭിച്ച യാത്രയാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൾട്ടി-ബില്യൺ സംരംഭകനായി അദ്ദേഹത്തെ മാറ്റിയെടുത്തത്. രണ്ടായിരത്തി ഏഴിലാണ് ഷംഷീർ ആദ്യത്തെ ലൈഫ് ലൈൻ ആശുപത്രി അബൂദാബി കേന്ദ്രമായി ആരംഭിക്കുന്നത്. പിന്നീടത് വിപിഎസ് ഹെൽത്കെയർ എന്ന പേരിൽ ആശുപത്രി ശൃംഖലയായി പരിവർത്തനപ്പെട്ടു. ഇരുപത് ആശുപത്രികളും, 125 മെഡിക്കൽ സെന്ററുകളും, പതിനായിരം ജീവനക്കാരുമുള്ള, മെന പ്രവിശ്യയിലും (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക), യൂറോപിലും ഇന്ത്യയിലുമായി വ്യാപിച്ചു നിൽക്കുന്ന മികച്ച ആതുരശുശ്രൂഷ കേന്ദ്രങ്ങളുടെ മികവിനെ പ്രതിനിധീകരിക്കുന്ന മുന്നക്ഷരങ്ങളാണ് വിപിഎസ് എന്നത്. ലോക സാമ്പത്തിക ഫോറത്തിന്റെ ആതുരശുശ്രൂഷ പങ്കാളിയാണ് വിപിഎസ്. അതായത് ബിസിനസിനപ്പുറം ജനസേവനവും കൈമുതലാക്കിയ സംരംഭമാണ് വിപിഎസ് എന്ന് സാരം. വിപിഎസിന്റെ മുഖമുദ്രയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അബുദാബിയിലെ ബുർജീൽ ആശുപത്രി. രാജ്യത്തെ ഏറ്റവും വലിയ ത്രിദീയ ആശുപത്രിയാണ് ബുർജീൽ. കേരളത്തിലെ ലേക്ഷോർ ഹോസ്പിറ്റലും വിപിഎസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ആതുരശുശ്രൂഷ നൽകുന്ന ആശുപത്രിയ്ക്കപ്പുറം, ഫാർമസ്യൂട്ടിക്കൽസിന്റെ ഉത്പാദനം, വിതരണം, അനുബന്ധസേവനം എന്നിവയിലും വിപിഎസ് ശ്രദ്ധയൂന്നുന്നു. നാൽപത് വയസിനുള്ളിൽ ഡോ.ഷംഷീർ നേടിയെടുത്തത് ബഹുരാഷ്ട്രങ്ങളിൽ വേരുകളാഴ്ത്തിയ മികവിന്റെ സംരംഭങ്ങളുടെ സംഘാടകൻ എന്ന പേരാണ്. ഫോർബ്സ് മാസിക തിരഞ്ഞെടുത്ത ഇന്ത്യയിലെ ദശകോടീശ്വരൻമാരിൽ 98ാം സ്ഥാനമാണ് ഷംഷീറിനുള്ളത്. വിപണിയുടെ ചലനവും സ്പന്ദനവും അളന്ന് മുതൽ മുടക്കുക എന്ന സംരംഭകത്തിന്റെ ബാലപാഠമാണ് വളരെ നവീനമായ രീതിയിൽ അദ്ദേഹം പ്രാവർത്തികമാക്കിയത്. അതായത് ഉദാരവത്കരണാനന്തരമുള്ള മാർക്കറ്റിന്റെ ചലനങ്ങളെ സസൂക്ഷമം നിരീക്ഷിക്കുകയും അതിൽ തന്റെ ഭാഗദേയം അടയാളപ്പെടുത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിലെ അറബ് ഹെൽത്ത് ലീഡർഷിപ് അവാർഡ്, 2013-ലെ ഹമദ് ബിൻ സയദ് അവാഡ് ഫോർ ഹ്യൂമാനിറ്റേറിയൻ എയ്ഡ്, 2014-ലെ ഭാരതീയ സമ്മാൻ അവാഡ്, 2015 ലെ ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അവാഡ്, തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയത് മികവ് മാത്രമാണെന്നതിന് സാക്ഷി ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോ.ഷംഷീർ സ്ഥാപിച്ചതും പരിവർത്തനപ്പെടുത്തിയതുമായ സ്ഥാപനങ്ങളുടെ തിളക്കമാണ്. മെഡിടൂർ ഉൾപ്പെടെയുള്ള ഹെൽത്ത്കെയർ വിനോദസഞ്ചാത്തിന്റെ സാധ്യതകളെ സാങ്കേതികവിദ്യയിലൂടെ വൈവിധ്യവത്കരിക്കുകയാണ് ഡോ.ഷംഷീറിന്റെ ലക്ഷ്യം. സമൂഹത്തോടുള്ള ഉത്തരവാദിത്തമാണ് ഒരു നവസംരംഭകനെ വാർത്തെടുക്കുന്നത് എന്ന പാഠമാണ് നാം ഷംഷീറിൽ നിന്ന് പഠിക്കുക. രോഗം വരാതെ സൂക്ഷിക്കകയാണ് ചികിത്സിച്ച് ഭേദമാക്കുന്നതിനേക്കാൾ നല്ലത് (prevention is better than cure) എന്ന് വിശ്വസിക്കുന്ന, എല്ലാവർക്കും ചിലവ് താങ്ങാനാവുന്ന വിധം ആരോഗ്യരംഗം വികസിതമാവണമെന്ന് വിശ്വസിക്കുന്ന അപൂർവം ആതുരശുശ്രൂഷ സംരംഭകരിൽ ഒരാളാണ് അദ്ദേഹം.

Related Blogs

സാമൂഹികസേവന രംഗത്ത് മലയാളിയുടെ അഭിമാനമായി മാറിയ ഗ്ലോറിയ…

സാമൂഹികസേവനം ലക്ഷ്യമിടുന്ന ബിസിനസ് സംരംഭങ്ങള്‍ അപൂര്‍വമാണ്. അധികമാരും അതില്‍ വിജയിച്ച ചരിത്രം നാം കേട്ടിട്ടില്ല. പലപ്പോഴും വിജയിച്ച ബിസിനസ്…

ഇനി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രയാസമില്ല; സ്റ്റാര്‍ട്ട്…

പണ്ടുകാലത്ത് ഒരു പുതിയ സംരംഭം തുടങ്ങുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. ലൈസന്‍സ്‌പെര്‍മിറ്റ് രാജ് എന്നാണ് ഈ കടമ്പകളെ ഒറ്റവാക്കില്‍ വിളിച്ചിരുന്നത്.…

വികെസി മൂന്നക്ഷരങ്ങളുടെ വിജയഗാഥ

വികെസി എന്ന മൂന്നക്ഷരങ്ങള്‍ പാദങ്ങളെയും പാദുകങ്ങളെയും ഇഷ്ടപ്പെടുന്ന ആരും ഗുണനിലവാരത്തിന്റെ അടയാളങ്ങളായി രേഖപ്പെടുത്തും. എന്നാല്‍ വികെസി എന്നത്…

പുതിയ കാലത്തെ യുവസംരംഭകര്‍

നവസംരംഭകത്തെ വരവേല്‍ക്കുന്ന ലോകമാണ് ഇന്നുള്ളത്. പുതിയ ആശയങ്ങള്‍ നമ്മുടെ കാലത്തിന്റെ ചേതനയായി മാറിയിരിക്കുന്നു. ആഗോളസംരഭക ഉച്ഛകോടിയുടെ ഭാഗമായി ഇവാന്‍ക…